Day 1: Singapore – Iceland

മഞ്ഞും, തണുപ്പും, കുളിരും ഒക്കെ ഒരു യാത്രികന് എന്നും ഒരു ആവേശം ആണ്. അതുകൊണ്ടായിരിക്കും Iceland-ലെക് ഇങ്ങനെ ഒരു സെൽഫ് ഡ്രൈവിംഗ് ട്രിപ്പ് പോകുന്നു എന്ന് മീറ്റ്അപ്പ് ഗ്രൂപ്പിൽ മെസ്സേജ് വന്നപ്പോൾ വേറെ ഒന്നും ആലോചിക്കാതെ ഞാൻ കൈ പൊക്കിയത്. “Land of fire and ice” Iceland-ന് ഇങ്ങനെ ഒരു ചെല്ലപ്പേര് കൂടി ഉണ്ട്. അഗ്നിപർവ്വതങ്ങളും മഞ്ഞും ഒക്കെ കൂടി നിറഞ്ഞ ഒരു രാജ്യം കൂടിയാണ് Iceland. ഈ യാത്രക്ക് ചെറിയ ഒരു റിസ്ക് കൂടി ഉണ്ട്, കൊറോണ വൈറസ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയാണ്. ഇന്ന് ഞാൻ പോകുന്ന ദിവസം ഏകദേശം 5 കേസ് ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്നുകരുതി രണ്ടും കൽപ്പിച്ചു ഞാൻ എന്റെ പെട്ടി റെഡിയാക്കി വെച്ചു. പഴയപോലെ ഗ്രൂപ്പിൽ മുഴുവൻ അപരിചിതർ ആണ്. നമ്മുടെ New Zealand ട്രിപ്പിലെ ചാക്കോ ആണ് ഈ ട്രിപ്പിലെയും ലീഡർ. എന്നെ നേരത്തെ പരിചയം ഉള്ളതുകൊണ്ടും ചാക്കോയെ ട്രിപ്പിലെ പല കാര്യങ്ങൾക്കും സഹായിക്കുന്നത് കൊണ്ടും, എന്നോട് എല്ലാം ഒന്ന് നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്. രാത്രി 11:00 മണിക്കാണ് ഫ്ലൈറ്റ്. സിങ്കപ്പൂർ നിന്നും Finland-ലെ Helsinki വഴിയാണ് Iceland-ലെ Reykjavik എന്ന ക്യാപിറ്റൽ സിറ്റിയിലേക്ക് പറക്കുന്നത്. നല്ല ദൂരമുണ്ട്, ഏകദേശം 12 മണിക്കൂർ എടുക്കും Finland ഒന്ന് എത്തിപ്പെടാൻ. അവിടെ നിന്നും വേറെ ഒരു 3:30 മണിക്കൂർ വീണ്ടും പറക്കണം Iceland എത്താൻ. ഫ്ലൈറ്റിലെ സ്‌ക്രീനിൽ കുറച്ചു സിനിമകളും മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്തു വെച്ച കുറച്ചു പാട്ടും ഒക്കെ കേട്ട് അങ്ങനെ Helsinki എത്തി. ടൈം സോൺ വ്യത്യാസം ഉള്ളത് കൊണ്ട് പിറ്റേദിവസം രാവിലെ തന്നെ അവിടെ എത്തി. വാഷ്‌റൂം പോയി പേരിനു ഒന്ന് പല്ലുതേച്ചു നേരെ ഒരു റെസ്റ്റോറന്റ് കയറി ഒരു പഫ്‌സും ഒരു കട്ടൻ കാപ്പിയും ഓർഡർ ചെയ്തു. ഭക്ഷണവും കഴിഞ്ഞു ബാക്കി വന്ന കട്ടൻകാപ്പിയും എടുത്തു ഞാൻ ഗേറ്റിന്റെ അടുത്ത് പോയി ഇരുന്നു. അവിടെ ലൂസിയും ഭർത്താവ് മൈക്കും ഇരുപ്പുണ്ട്. അവരുടെ കൈയ്യിലും ഉണ്ട് ഓരോ കട്ടൻ കാപ്പി. ഞാൻ ഒരു “Hi” പറഞ്ഞു അവിടെ അടുത്തുള്ള ഒരു കസേരയിലും ഇരുന്നു. രണ്ടു പേരും സിംഗപ്പൂരിയൻസ് ആണ്. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ മാസം കേരളത്തിൽ ടൂർ പോയതിന്റെ കഥകൾ ഒക്കെ അവർ പങ്കുവെച്ചു. രണ്ടാൾക്കും കേരളം ഒക്കെ നല്ല പോലെ ഇഷ്ടം ആയി എന്ന് പറഞ്ഞു. എന്തായാലും അങ്ങനെ ആദ്യത്തെ പരിചയപ്പെടൽ കഴിഞ്ഞു. ഇതിനിടക്ക് Iceland-ലേക്കുള്ള ഫ്ലൈറ്റും വന്നു. എല്ലാവരും നേരെ ഫ്ലൈറ്റിലേക്ക് കയറി. Iceland എയർപോർട്ടിൽ വലിയ കാര്യമായ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ ഇമ്മിഗ്രേഷൻ കഴിഞ്ഞുകിട്ടി. കൂട്ടത്തിൽ ഒരുത്തൻ വേറെ ഒരു ഫ്ലൈറ്റിൽ ആണ് വരുന്നത്. അവനേം നോക്കി കുറച്ചു നേരം എല്ലാവരും അവിടെ ഒക്കെ കറങ്ങി നടന്നു. കൂട്ടത്തിൽ ഞാൻ പോയി ഒരു സിം കാർഡും വാങ്ങി. പുറത്തേക്കു നോക്കിയാൽ മുഴുവൻ മഞ്ഞു മൂടി കിടക്കുന്നതു കാണാം. ഒന്ന് പുറത്തു പോയി കുറച്ചു നേരം വായുംനോക്കി നിന്ന് നേരെ അകത്തേക്ക് തന്നെ വന്നു. നല്ല കട്ട തണുപ്പ്. അവസാനത്തെ ആളും കൂടി വന്നു, ഞങ്ങൾ എല്ലാവരും നേരെ കാർ എടുക്കാൻ പോയി.

വണ്ടികൾ എടുത്തു നേരെ വിട്ടത് ഇന്നത്തെ സ്റ്റേ ബുക്ക് ചെയ്തിട്ടുള്ള Aurora Guesthouse-ലേക്കാണ്. ഇത്രയും നീണ്ട ഒരു യാത്ര കഴിഞ്ഞത് വന്നതുകൊണ്ട് ഇന്ന് ചെറിയ ഒരു സിറ്റി ടൂർ മാത്രമേ ഉള്ളു. അതും താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെ. വിസ എടുക്കുന്നതിന് റൂം ബുക്കിംഗ് ഒക്കെ കാണിക്കേണ്ടത് കൊണ്ട് ഞാൻ ആദ്യമേ തന്നെ പോകുന്ന എല്ലാ സ്ഥലങ്ങളിലെയും ഹോട്ടലിൽ ഓരോ നൈറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ നമ്മൾ പോകുന്ന ഫുൾ ടൂർ പ്ലാൻ എല്ലാം കാണിക്കണം.. വിസ കിട്ടിയിട്ട് എല്ലാം ക്യാൻസൽ ചെയ്തു, നമ്മൾ മലയാളികളോടാണ് കളി. പക്ഷെ ചെറിയ ഒരു മണ്ടത്തരം പറ്റി. ആദ്യത്തെ ബുക്കിംഗ് ക്യാൻസൽ ചെയ്യാൻ പറ്റാത്തതായിരുന്നു. അങ്ങനെ ഇന്നത്തെ ദിവസം എനിക്ക് ഒറ്റക്ക് ഒരു റൂം ഉണ്ട്. ലഗേജ് ഒക്കെ തട്ടി തോളത്തു കയറ്റി നേരെ റൂമിലേക്ക് കയറി. ചെറുതായി ഒന്ന് ഫ്രഷ് ആയി എല്ലാവരും താഴെ ഒരുമിച്ചു കൂടി ഒന്ന് കറങ്ങാൻ പോകാൻ ആണ് പ്ലാൻ. കുളി ഒക്കെ കഴിഞ്ഞു ഞാൻ നേരത്തെ തന്നെ എത്തി പ്ലാനിൽ ഇല്ലാത്ത കുറച്ചു വഴികളിലൂടെ ഒക്കെ ഒരു കറക്കം നടത്തി. അടുത്ത് ഒരു ബീച്ച് ഉണ്ട്, നടക്കാവുന്ന ദൂരമേ ഉള്ളു. എല്ലാവരും എത്തിയപ്പോഴേക്കും ഞാനും എന്റെ പേഴ്‌സണൽ കറക്കം ഒക്കെ കഴിഞ്ഞു ബാക്കിയുള്ളവരുടെ കൂടെ കൂടി. ഹോട്ടലിന്റെ തൊട്ടു മുന്നിൽ തന്നെ ഒരു വലിയ പള്ളിയുണ്ട്. Hallgrimskirkja, എന്നാണ് പേര്, ഇത് ഒന്ന് വായിച്ചെടുക്കാൻ വലിയ പാടാണ്. നമ്മൾ കാണുന്നത് പോലെ ഒന്നും അല്ല അത് വായിച്ചെടുക്കാൻ. പറഞ്ഞും പിടിച്ചും വരുമ്പോൾ ഒരു ബന്ധവും ഉണ്ടാകില്ല. Iceland-ലെ തന്നെ ഏറ്റവും വലിയ പള്ളിയാണെന്നു ഗൂഗിൾ പറഞ്ഞുതന്നു. പള്ളിയുടെ മുകളിൽ ഒക്കെ കേറാൻ ചെറിയ ഒരു ഫീസ് കൊടുത്താൽ പറ്റും. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ എന്തോ പരിപാടി നടക്കുന്നതുകൊണ്ടു അങ്ങോട്ടേക്ക് കയറാൻ പറ്റിയില്ല. കുറച്ചു നേരം അവിടെ തണുപ്പത്ത് നിന്ന് പള്ളിയുടെ പല ആംഗിൾ ഉള്ള ഫോട്ടോസ് എടുത്തു ഞങ്ങൾ നേരെ ബീച്ചിലേക്ക് നടന്നു. നല്ല കാറ്റും നല്ല തണുപ്പും ഒക്കെ ഉണ്ട്, കൈ ഒക്കെ മരവിച്ചു തുടങ്ങി. ഒരു ഗ്ലൗസ് വാങ്ങി കരുതിയിരുന്നത് കൊണ്ട് രക്ഷപെട്ടു. Sun Voyager എന്ന ഒരു ലാൻഡ്മാർക് കാണാൻ ആണ് പോകുന്നത്. ചെറിയ ഒരു ബോട്ടിന്റെ ഷേപ്പിൽ ഉള്ള ഒരു കലാരൂപം. കടലിന്റെ മറുകരയിൽ ആയി മഞ്ഞിൽ മൂടിയ ഒരു മലയും കാണാം. നേരം കുറേശ്ശെ ഇരുട്ടി തുടങ്ങി കൂടെ തണുപ്പും കൂടി കൂടി വന്നു. ഷർട്ടിന്റെ കൂടെ ഒരു ജാക്കറ്റ് മാത്രമേ ഞാൻ ഇട്ടിരുന്നുള്ളു. തണുപ്പ് കട്ടിയായി വന്നപ്പോൾ, ചാക്കോയ്ക്ക് ഒരു സിഗ്നൽ കൊടുത്തു ഞാൻ നേരെ റൂമിലേക്ക് നടന്നു. ഇനിയും അവിടെ നിന്നാൽ കടപ്പുറത്തു നിന്നും എന്നെ പങ്കായത്തിനു അടിച്ചു ഓടിച്ചെടുക്കേണ്ടി വരും. റൂമിലേക്ക് നടക്കുന്ന വഴിക്കു ഒരു ബേക്കറിയിൽ കയറി ഒരു കട്ടൻ കാപ്പിയും, ഒരു പിസ്താ കോറിസൺറ്റും വാങ്ങി ഞാൻ നേരെ റൂമിലേക്ക് കയറി. നാളെ രാവിലെ ബ്രേക്ഫാസ്റ്റിനു ഹോട്ടലിന്റെ റെസ്റ്റോറന്റിൽ കാണാം എന്ന് ചാക്കോയ്ക്ക് മെസ്സേജ് അയച്ചു ഞാൻ ഒന്ന് ഉറങ്ങാൻ പ്ലാൻ ഇട്ടു. ടൈംസോൺ വ്യത്യാസം നല്ലതു പോലെ ഉള്ളത് കൊണ്ട് കിടന്നതും ഞാൻ ഉറങ്ങി.

ഉറക്കം ഒക്കെ കഴിഞ്ഞു ഒന്ന് കണ്ണ് തുറന്നു നോക്കിയപ്പോൾ സമയം വെളുപ്പിന് 4:30 മണി. ഇനിയും കിടന്നാൽ ചിലപ്പോൾ രാവിലത്തെ മീറ്റിംഗ് മിസ്സാകും എന്നുള്ളതുകൊണ്ട് തിരക്കാകുന്നതിനു മുൻപ് തന്നെ ഞാൻ കുളിയും നനയും ഒക്കെ അങ്ങ് തീർത്തു എല്ലാം സെറ്റ് ആക്കി. ഇനിയും സമയം ഒരുപാടുള്ളത് കൊണ്ട് ഇന്നലെ പോയ ബീച്ചിലേക്ക് ഒറ്റയ്ക്ക് ഒരു മോർണിംഗ് വാക്ക് നടത്തി. പോകുന്ന വഴിയിൽ തെളിഞ്ഞ ആകാശത്തിനു കീഴെ ആ വലിയ പള്ളി നല്ല രസമുള്ള ഒരു കാഴ്ച ആയിരുന്നു. ഒരു കട്ടൻ കാപ്പി കുടിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ഒരു തട്ടുകട പോലും തുറന്നിട്ടില്ല. എന്തായാലും ഇന്നലത്തെ തണുപ്പ് അനുഭവം ഉള്ളതുകൊണ്ട് ഷർട്ടിന് മുകളിൽ, രണ്ടു ജാക്കറ്റ് ഒക്കെ ഇട്ടിട്ടുണ്ട്. കുറച്ചു നേരം അവിടെ തേര പാര കുറച്ചു കറങ്ങി നടന്നു. ആകാശം ഒന്ന് വെളുത്തു വന്നപ്പോഴേക്കും തിരിച്ചു റൂമിൽ എത്തി. അവർ ഒക്കെ റെഡി ആകുന്നതേ ഉള്ളു. ഞാൻ പെട്ടി ഒക്കെ എടുത്തു കാറിൽ കൊണ്ട് പോയി വെച്ചു നേരെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ റെസ്റ്റോറന്റിലേക്കു കയറി. ചാക്കോ ഇരുപ്പുണ്ട് അവിടെ. പതിവ് പോലെ ഒരു മാപ്പ് ഉണ്ട് ടേബിളിന്റെ മേലെ. എന്നെ കണ്ടതും വാ, നമുക്ക് ഇന്നത്തെ വഴി ഒക്കെ സെറ്റ് ആക്കാം എന്നും പറഞ്ഞു കൂടെ ഇരുത്തി. Iceland റോഡ് ട്രിപ്പിൽ ഇങ്ങനെ ഒരു കുഴപ്പം ഉണ്ട്. എന്നും പോകേണ്ട റൂട്ട് ശെരിക്കും നോക്കി വഴിയിൽ ബ്ലോക്ക് ഒന്നും ഇല്ല എന്നുറപ്പു വരുത്തേണ്ടത് അത്യാവശ്യം ആണ്. ഒട്ടും പ്രവചിക്കാൻ കഴിയാത്ത കാലാവസ്ഥ ആണ് അവിടെ. എപ്പോൾ വേണമെങ്കിലും നല്ല കാറ്റും മഞ്ഞുവീഴ്ചയും ഒക്കെ പ്രതീക്ഷിക്കാം. എന്തായാലും road.is എന്ന വെബ്‌സൈറ്റിൽ കയറി ഇന്ന് പോകേണ്ട റൂട്ട് ഒക്കെ ചെക്ക്‌ ചെയ്തു കുഴപ്പങ്ങൾ ഒന്നുമില്ല എന്ന് ഞങ്ങൾ ഉറപ്പു വരുത്തി. അപ്പോഴേക്കും ബ്രേക്ഫാസ്റ്റും കഴിഞ്ഞു എല്ലാവരും റെഡി ആയിട്ടുണ്ടായിരുന്നു. ഇന്ന് ഇനി വൈകുന്നേരം ആകുമ്പോഴേക്കും എത്തിപ്പെടേണ്ടത് Við Hafið Guesthouse ആണ്. ഏകദേശം 200KM ഉള്ളുവെങ്കിലും ഡ്രൈവിംഗ് കുറച്ചു ആഡ്വെഞ്ചറസ് ആയിരിക്കും എന്ന ഒരു മുന്നറിയിപ്പോട് കൂടി ചാക്കോ കാറിന്റെ താക്കോൽ എനിക്ക് തന്നു.

[തുടരും]

3 thoughts on “Day 1: Singapore – Iceland

Leave a comment