Day 4: Tekapo – Queenstown

ഇതാരാണപ്പാ ഈ നേരത്തു എനിക്കു മെസ്സേജ് അയക്കാൻ? മനസ്സിൽ അഞ്ചാറു ലഡ്ഡു അടുപ്പിച്ചു പൊട്ടി. മൊബൈൽ എടുത്തു ഞാൻ നോക്കി. Tekapo ഹോളിഡേ ഹോംസ് WiFi പാസ്സ്‌വേർഡ്. പഷ്ട്, ട്രിപ്പ് ലീഡർ അയച്ചുതന്നതാണ്. എന്തായാലും wifi പാസ്സ്‌വേർഡ് കിട്ടിയതല്ലേ, കുറച്ചു ഫോട്ടോസ് വാട്സാപ്പ് സ്റ്റാറ്റസും, കുറച്ചു ഇൻസ്റ്റാഗ്രാമിലും ഇട്ടു പുതച്ചു മൂടി ഞാൻ കിടന്ന് ഉറങ്ങി. കഴിഞ്ഞ രാത്രിയിലെ മോഷണശ്രമം മനസ്സിൽ ഉള്ളതുകൊണ്ട് പാസ്സ്പോർട്ടും, പേഴ്സും, കാറിന്റെ ചാവിയും ഒക്കെ തലയിണക്കടിയിൽ സുരക്ഷിതമായി വെച്ചിട്ടുണ്ട്. നേരം വെളുത്തു, ഫ്രീ കട്ടൻ കാപ്പിയും പ്രതീക്ഷിച്ചു കോട്ടേജിന്റെ വാതിൽക്കൽ പ്രകൃതി സൗന്ദര്യവും ആസ്വദിച്ചു ഞാൻ നിന്നു. ഗിസല്ല വരുന്നുണ്ട്, പക്ഷെ കൈയ്യിൽ ഫ്ലാസ്ക് കാണാനില്ല. ഗോപാലന്റെ വൈഫ് അവിടെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്, എന്നോടും ഗോപാലനോടും കഴിക്കാൻ ചെല്ലാൻ പറഞ്ഞു. പല്ലു പോലും തേക്കാതെ നിന്നിരുന്ന ഞാൻ ഓടി പോയി കുളിച്ചു കുട്ടപ്പൻ ആയി ഡ്രസ്സ് ഒക്കെ ചെയ്തു ഗോപാലന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോയി. എല്ലാവരും റെഡി ആയി പെട്ടിയും കിടക്കയും ഒക്കെ എടുത്തു കാറുകളിൽ ലോഡ് ചെയ്തു. ട്രിപ്പ് ലീഡർ വന്നു അന്നത്തെ പ്ലാൻ വിശദമായി എല്ലാവർക്കും പറഞ്ഞു കൊടുത്തു. Tekapo നിന്നും Queenstown വരെ പോകണം. അവിടെ ആണ് ഇന്നത്തെ സ്റ്റേ അറേഞ്ച് ചെയ്‌തിരിക്കുന്നത്‌. സ്റ്റേ സസ്പെൻസ് ആയിരിക്കും എന്ന് ട്രിപ്പ് ലീഡർ ഒരു സൂചനയും തന്നു. എന്താണോ എന്തോ എന്ന രീതിയിൽ എല്ലാവരും മുഖത്തോടു മുഖം നോക്കി.

വണ്ടിയും സ്റ്റാർട്ടാക്കി നേരെ പോയത് Pukaki ലേക്ക് കാണാനാണ്. നല്ല അടിപൊളി മിറർ വ്യൂ ഉള്ള കിടിലൻ ഒരു ലേക്ക്. അതിന്റെ മറ്റേ കരയിൽ Mount കുക്ക് കാണാം. വിന്റർ സീസൺ കഴിഞ്ഞു കൊണ്ടിരിക്കുന്നതെയുള്ളൂ, മലമുകളിൽ ഇപ്പോഴും മഞ്ഞു മൂടി കിടപ്പുണ്ട്. വണ്ടികൾ എല്ലാം പാർക്കിംഗ് ബേയിൽ ഒതുക്കി നിറുത്തി എല്ലാവരും ലേക് കാണാനും ഫോട്ടോസ് എടുക്കാനും ഒക്കെ ഇറങ്ങി. എവിടെ കറങ്ങാൻ പോയാലും വാപ്പിച്ചിയുടെ കൈയ്യിൽ നിന്നും ഒരു ഉപദേശം ആദ്യം തന്നെ കിട്ടാറുണ്ട്. വെള്ളത്തിൽ ഒന്നും ഇറങ്ങരുത് എന്ന്. അതുകൊണ്ടു വെള്ളത്തിൽ അങ്ങനെ ഇറങ്ങാറില്ല, പോരാത്തതിന് നല്ല തണുത്ത വെള്ളവും. ഇനി ഇപ്പൊ വീട്ടീന്ന് വിളിച്ചു ഒന്ന് ചാടിക്കോ എന്ന് പറഞ്ഞാലും ഞാൻ ഇറങ്ങൂല. നല്ല ലാൻഡ്‌സ്‌കേപ്പ് ആയതിനാൽ ട്രിപ്പ് ലീഡർ അപ്പോഴേക്കും മീറ്റപ്പ് ഗ്രൂപ്പിന്റെ ബാനറും എടുത്തു വന്നു. അടുത്ത വർഷത്തെ ട്രിപ്പിന് ഫേസ്ബുക്കിൽ ഇടാനുള്ളതാണ്. എല്ലാവരും നൈസ് ആയിട്ടൊരു പോസ് കൊടുത്തു.

ഇടയ്ക്കു നല്ല ഫ്രഷ് സാൽമൺ ഫിഷ് കിട്ടുന്ന സ്ഥലം ഉണ്ട് എന്ന് ട്രിപ്പ് ലീഡർ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടു. മുന്നിൽ പോയിരുന്ന ഞങ്ങളുടെ കാർ ഡെസ്റ്റിനേഷൻ ചെറുതായി ഒന്ന് മാറ്റി പിടിക്കാൻ പറഞ്ഞു. സാൽമൺ പുകച്ചും, വേവിച്ചും, ചുട്ടും ഒക്കെ കഴിച്ചതിന്റെ കോൺഫിഡെൻസിൽ ഞാനും നേരെ ഷോപ്പിന്റെ ഉള്ളിൽ കയറി. ചെന്ന് നോക്കിയപ്പോൾ പച്ചമീൻ, Sashimi (സഷിമി) ആണ് ഐറ്റം. നമ്മൾ മലയാളികൾ കഴുകി വൃത്തിയാക്കാതെയും, വേവിക്കാതെയും ഒന്നും കഴിക്കാറില്ലല്ലോ. അത്കൊണ്ട് അവിടുന്ന് ഒരു പെപ്സി കുപ്പിയും വാങ്ങി കൂടെയുള്ളവർ പച്ചമീൻ കഴിക്കുന്നതും നോക്കി ഇരുന്നു. എന്റെ ഇരുപ്പു കണ്ടപ്പോൾ ഗിസല്ല ചോദിച്ചു എന്താ കഴിക്കാത്തതെന്ന്, ഇതുവരെ കഴിച്ചിട്ടില്ല എന്ന നഗ്ന സത്യം ഞാൻ അവിടെ വെളിപ്പെടുത്തി. എന്നാൽ ഇന്ന് ട്രൈ ചെയ്യണം എന്നായി. അതേറ്റുപിടിച്ചു ഗ്രൂപ്പിലെ എല്ലാവരും എനിക്ക് പ്രചോദനമായി മുന്നോട്ടുവന്നു. കുമാരവർമ്മക്ക് ധൈര്യത്തിന്നായി ബാഹുബലി കൊടുത്ത കത്തിപോലെ എനിക്കുനേരെ ഗിസല്ല നീട്ടിയ ചോപ്സ്റ്റിക്ക് രണ്ടുകൈയും നീട്ടി ഞാൻ സ്വീകരിച്ചു. കുറച്ചുപാടുപെട്ടാണെങ്കിലും രണ്ടു കോലിന്റെയിടയിൽ മീൻകഷ്ണം ഒരുവിധം ഞാൻ കൊണ്ടെത്തിച്ചു. സംഭവം നല്ല വെണ്ണക്കട്ടി പോലെ വായിൽ അലുത്തുപോയി. പക്ഷെ എന്തോ, വേവിക്കാതെ കഴിച്ചു ശീലമില്ലാത്ത എന്റെ മലയാളീ മനസ്സ് പിന്നെ അതിനനുവദിച്ചില്ല. ചിലപ്പോൾ കുറച്ചുതവണ കഴിച്ചു കഴിഞ്ഞാൽ മാനസികമായി അംഗീകരിക്കാൻ പറ്റുമായിരിക്കും. എന്തായാലും കഴിക്കാൻ ധൈര്യം കാണിച്ചു മുന്നോട്ടുവന്ന എന്നെ എല്ലാവരും അഭിനന്ദിച്ചു. ഒന്നും പറയേണ്ട, ഞാൻ വീണ്ടും ഹിറ്റായി.

ഇനി അങ്ങോട്ടേക്ക് കുറച്ചു നല്ല ദൂരം ഡ്രൈവ് ചെയ്യാൻ ഉണ്ട്. ന്യൂസിലണ്ടിലെ റോഡ് ട്രിപ്പ് ഒരു ഫീൽ തന്നെ ആണ്. ക്യാമ്പർ വാനുകൾ ഒരുപാട് കാണാൻ ഉണ്ട് വഴിയിൽ. ചെറിയ ഒരു ഫാമിലി ആണെങ്കിൽ ഒരു ക്യാമ്പർ വാൻ എടുത്തു പോകുന്നതാണ് നല്ലത്. അടുക്കളയും കിടക്കയും ഒക്കെ ഉള്ള ചെറിയ ഒരു സെറ്റപ്പ് ആണ്. പല പാർക്കിംഗ് സ്പേസിലും ബാറ്ററി ചാർജ് ചെയ്യാനും, ഡ്രൈനേജ് ക്ലീൻ ആക്കാനും ഒക്കെ ഉള്ള സൗകര്യം ഉണ്ട്. ഫ്രീഡം ക്യാമ്പിംഗ് അവിടുത്തെ ഒരു കൾച്ചർ ആണെന്നുതന്നെ പറയാം. ഇന്നത്തെ ഹൈക്കിങ് ഹൂക്കർ വാലിയിലേക്കാണ്. Mount കുക്ക് കൊടുമുടിയുടെ താഴ്‌വരയിൽ ഉള്ള ഒരു ട്രെക്കിങ് സ്പേസ് ആണ്. ഏകദേശം 10KM അപ്പ് ആൻഡ് ഡൌൺ ഉണ്ട്. കുറച്ചു കല്ലും കട്ടയും ഒക്കെ ഉണ്ടെങ്കിലും ഇടക്കൊക്കെ മരം കൊണ്ടുള്ള ബോർഡ് വാക്ക് ഉണ്ട്. ട്രിപ്പ് ലീഡറുടെ ആജ്ഞ ശിരസ്സാവഹിച്ചുകൊണ്ടു ഞാനും ഗിസല്ലയും കൂടി വീണ്ടും ഹൈക്ക് ലീഡ് ചെയ്തു. Mount കുക്ക് ഒരു വികാരം പോലെ ട്രാക്കിലുടനീളം മഞ്ഞുതൊപ്പിയും വെച്ചു നിൽപ്പുണ്ടായിരുന്നു. എന്തായിരിക്കും അങ്ങേ അറ്റത്തുള്ള കാഴ്ചയെന്നറിയാൻ ക്ഷീണം മറന്നു മുന്നോട്ട് നടന്നു. ഹൂക്കർ വാലി ലേക്കിന്റെ തീരത്താണ് ട്രെക്കിങ്ങ് അവസാനിച്ചത്. Mt കുക്കിന്റെ തലയിൽ നിന്നും തെറിച്ചുവീണ കുറച്ചു മഞ്ഞുകട്ടകൾ വെള്ളത്തിൽ പൊന്തിക്കിടപ്പുണ്ടായിരുന്നു. കുറച്ചു നേരം അവിടെ ഇരുന്നു ഫോട്ടോസ് ഒക്കെയെടുത്തു തിരിച്ചു നടന്നു.

ഹൈക്കിങ് ഒക്കെ കഴിഞ്ഞു തിരികെ കാർപാർക്കിങ്‌ എത്തിയപ്പോഴേക്കും വായിൽ പത വന്നു. കുറച്ചു നേരം റസ്റ്റ് എടുത്തു ബാക്കിയുള്ളവരെ കൂടി വെയിറ്റ് ചെയ്തിരുന്ന നേരം കൊണ്ട് ഞങ്ങൾ ലഞ്ച് കഴിച്ചു. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി കരുതിയിരുന്ന എനർജി ബാറും, കുറച്ചു നട്സും ഒക്കെയുള്ള ഒരു ന്യൂട്രിഷ്യസ് ലഞ്ച്. എല്ലാവരും എത്തിക്കഴിഞ്ഞു നേരെ Queenstown ലക്ഷ്യമാക്കി വണ്ടി വിട്ടു. ഇടക്കുള്ള രണ്ടു മൂന്ന് ടൗണിൽ ഒക്കെ ബ്രേക്ക് എടുത്തു കുറച്ചു ഇരുട്ടിവന്നപ്പോഴേക്കും Jucy Snooze, Queenstown എത്തി. ഇവിടെ ആണ് ഇന്ന് സ്റ്റേ, കാറിൽനിന്നുമിറങ്ങി നടുവൊന്നു നിവർത്തി അടുത്തുകണ്ട കോഫി ഷോപ്പിലേക്ക് ഒരു കട്ടൻ കാപ്പി ഓർഡർ ചെയ്യാൻ പോയി. ഒരു പന്തികേട് മണത്തറിഞ്ഞ ഗിസല്ലയും, തങ്കപ്പനും പിന്നാലെ കൂടി. മൂന്നുപേരും ഓരോ കട്ടൻ കാപ്പിയും വാങ്ങി തിരികെ ഹോട്ടൽ റിസപ്ഷൻ എത്തിയപ്പോഴേക്കും രാവിലെ സൂചിപ്പിച്ചിരുന്ന സസ്പെൻസ് എന്താണെന്നറിയാൻ എല്ലാവരും അവിടെ കൂട്ടം കൂടി നിൽപ്പുണ്ടായിരുന്നു. റൂമിന്റെ അക്സസ്സ് കാർഡ് എല്ലാവർക്കും വിതരണം ചെയ്യാൻ ഗോപാലനെ ഏൽപ്പിച്ചു. അക്സസ്സ് കാർഡും കൈപറ്റി എല്ലാവരും റൂമുകളിലേക്ക് നീങ്ങി

[തുടരും]

2 thoughts on “Day 4: Tekapo – Queenstown

Leave a comment